കൈത്താങ്ങാവാം ഓരോ ഹൃദയമിടിപ്പിനും: ഇന്ന് ലോക ഹൃദയ ദിനം

മനുഷ്യന്റെ ജീവിതത്തിന്റെ താളം മുറുകെപ്പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന അത്ഭുതകരമായ അവയവമാണ് ഹൃദയം. ഓരോ മിടിപ്പും നമ്മെ ജീവനിലേക്ക് അടുത്തു കൊണ്ടുവരുമ്പോൾ, അത് സംരക്ഷിക്കേണ്ടത് നമ്മുടെ വലിയ ഉത്തരവാദിത്തവുമാണ്. സെപ്റ്റംബർ 29-ാം തീയതി ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ലോക ഹൃദയ ദിനം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുതന്നെയാണ് — ഹൃദയാരോഗ്യമാണ് ജീവിതത്തിന്റെ അടിസ്ഥാനം.
ആധുനിക ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. അമിത സമ്മർദ്ദം, വ്യായാമക്കുറവ്, കൊഴുപ്പ് നിറഞ്ഞ ഭക്ഷണം, പുകവലി, മദ്യപാനം എന്നിവ ഹൃദയരോഗങ്ങളുടെ പ്രധാന കാരണങ്ങളായി മാറുന്നു. ഏകദേശം 18 ദശലക്ഷത്തിലേറെ ജീവനുകൾ പ്രതിവർഷം ഹൃദ്രോഗം മൂലം അപഹരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് സത്യം. ഹൃദയാരോഗ്യം സംരക്ഷിക്കാൻ വലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല. ചെറുതായെങ്കിലും സ്ഥിരമായ മാറ്റങ്ങൾ ജീവിതരീതിയിൽ വരുത്തുമ്പോൾ വലിയ വ്യത്യാസം ഉണ്ടാക്കാം.
പ്രതിദിനം കുറഞ്ഞത് 30 മിനിറ്റ് വ്യായാമം, പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തിയ ഭക്ഷണം, ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ചികിത്സയേക്കാള്‍ ഏറ്റവും ഉചിതവും ഉത്തമവും. ഹൃദയം സംരക്ഷിക്കുന്നത് വ്യക്തിപരമായ കടമ മാത്രമല്ല; അത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തവുമാണ്. ജീവിതം നമ്മെ പരീക്ഷിക്കാം, പക്ഷേ നമ്മുടെ ഹൃദയം കരുത്തുറ്റതും ആരോഗ്യവുമെങ്കിൽ, ജീവിതയാത്ര മനോഹരവും സമ്പൂർണ്ണവുമാകും. ജീവിതം നമ്മെ പരീക്ഷിക്കാം, പക്ഷേ നമ്മുടെ ഹൃദയം കരുത്തുറ്റതും ആരോഗ്യവുമെങ്കിൽ, ജീവിതയാത്ര മനോഹരവും സമ്പൂർണ്ണവുമാകും.
എന്നാൽ ഓരോ ഹൃദയ ദിനം കടന്നു പോകുമ്പോൾ നാം ഓർക്കേണ്ട ചില മുഖങ്ങളുണ്ട്. സ്വന്തം ഹൃദയം പകുത്തു നൽകുന്നവർ. മസ്തിഷ്ക മരണം സംഭവിച്ചു ലോകത്തോട് വിടപറയുന്നവരുടെ ഹൃദയം ഉൾപ്പടെയുള്ള അവയവങ്ങൾ മറ്റു ജീവിതങ്ങൾക്ക് പുതു ജീവൻ ഏകാറുണ്ട്. ഈ മാസം കൊല്ലത്തു മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിനെയും എറണാകുളം സ്വദേശി ബിൽജിത് ബിജുവിനെയും നമുക്ക് അങ്ങനെ മറക്കാൻ കഴിയില്ല. ഈ രണ്ടു ഹൃദയങ്ങളും ഇന്ന് മറ്റു രണ്ടു ആളുകളിലാണ് തുടിക്കുന്നത്. ഹൃദയ ദിനത്തിൽ മാത്രം അല്ല എന്നും ഇവരെപോലുള്ള മഹത് വ്യക്തിത്വങ്ങളെയും നാം ഓർമ്മിക്കേണ്ടതുണ്ട്.