കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്ക് പരിഹാരം; വിപുല പദ്ധതി ആവിഷ്കരിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്

കൊച്ചി: കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി വിപുലമായ പദ്ധതിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. പാര്‍ക്കിങ് ഫീസ് നിരക്കുകള്‍ കുറച്ചും പുതിയ പാക്കേജുകള്‍ അവതരിപ്പിക്കുകയുമാണ് കെഎംആര്‍എല്‍ ചില സ്റ്റേഷനുകളില്‍ ഇതിനോടകം നടപ്പാക്കിയ സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം കൂടുതല്‍ ജനകീയമാക്കാനാണ് അധികൃതരുടെ നീക്കം. ആലുവ, അമ്പാട്ടുകാവ്, കൊച്ചിന് യൂണിവേഴ്സിറ്റി, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, ഇളംകുളം, തൈക്കൂടം, പേട്ട, വടക്കേക്കോട്ട, തൃപ്പൂണിത്തുറ എന്നീ 13 സ്റ്റേഷനുകളിലാണ് നിലവില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് സൗകര്യമുള്ളത്. കമ്പനിപ്പടി, ടൗണ്‍ ഹാള്‍, മഹാരാജാസ് എന്നിവ ഒഴികെയുള്ള മറ്റ് മെട്രോ സ്റ്റേഷനുകളില്‍ പാർക്കിങ് സൗകര്യം ഒരുക്കുമെന്നും മെട്രോ അധികൃതര്‍ പറയുന്നു.
ഫോര്‍ വീലര്‍, ത്രീവീലര്‍ വാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് 15 രൂപയുമാക്കി പാര്‍ക്കിങ് ഫീ പുതുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് രൂപയും ഈടാക്കും. അധിക ഓരോ മണിക്കൂര്‍ പാര്‍ക്കിങിന് നാല് ചക്ര വാഹനങ്ങള്‍ക്ക് അഞ്ച് രൂപയും, ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് അഞ്ച് രൂപയും അധികം നല്കിയാല് മതിയാകും. കൂടാതെ പ്രതിമാസ പാസുകളോടെ പാര്‍ക്കിങ് അനുവദിക്കും. ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് പ്രതിമാസം 1000 രൂപയ്ക്കും ഇരുചക്ര വാഹനങ്ങള്‍ക്ക് 500 രൂപയ്ക്കും പാസ് ലഭ്യമാകും. നിലവില്‍, രണ്ട് മണിക്കൂറിന് ഫോര്‍ വീലര്‍, ത്രീ വീലര്‍ വാഹനങ്ങള്‍ക്ക് 35 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 20 രൂപയുമാണ് ഈടാക്കുന്നത്. ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് അധിക മണിക്കിന് 20 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും ഈടാക്കിയിരുന്നു.
‘മെട്രോ, യാത്രക്കാര്‍ക്കും യാത്രികര്‍ അല്ലാത്തവര്‍ക്കും വ്യത്യസ്ത നിരക്കുകളാണ് നിലവില്‍ ഈടാക്കുന്നത്. മെട്രോ യാത്രക്കാർക്ക് പാര്‍ക്കിങ് നിരക്കുകള്‍ കുറവാണ്. പാര്‍ക്കിങ്ങിന് മാത്രം മെട്രോ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് മറ്റൊരു നിരക്കുമാണ് ഈടാക്കിയിരുന്നത്. പുതിയ തീരുമാനത്തിൽ ഏകോപിക്കുകയാണ് മറ്റൊരു പ്രത്യേകതയെന്ന് കെഎംആര്‍എല്‍ ഉദ്യോഗസ്ഥന് പറഞ്ഞു. നിലവില്‍ രാവിലെ ആദ്യ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പും, അവസാന ട്രെയിന്‍ കടന്നുപോയതിന് ശേഷം വരെയും പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ട് പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കാം.