കൊച്ചിയിൽ അർജന്റീനയുടെ സൗഹൃദ മത്സരം; ജിസിഡിഎയുമായി ചർച്ചകൾ തുടങ്ങി
കൊച്ചി: ഫുട്ബോൾ ലോകചാംപ്യന്മാരായ അർജന്റീനയുടെ സൗഹൃദ മത്സരം കൊച്ചിയിൽ നടക്കും. നവംബര്‍ 10 മുതല്‍ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായ രണ്ടു സൗഹൃദ മത്സരങ്ങള്‍ക്ക് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകും. മത്സരവുമായി ബന്ധപ്പെട്ട് ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയുമായി (ജിസിഡിഎ) പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്റ്റേഡിയത്തിൽ എത്ര പേർക്ക് പ്രവേശനം അനുവദിക്കാമെന്നും ഒരുക്കങ്ങൾ എങ്ങനെ നടത്താമെന്നുമാണ് ചര്‍ച്ചയുടെ പ്രധാന വിഷയങ്ങൾ.
ലയണൽ മെസി അടങ്ങുന്ന അർജന്റീനിയൻ സംഘം കേരളത്തിലെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. എവിടെ മത്സരം നടത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളാണ് തുടക്കത്തിൽ പരിഗണിച്ചത്. എന്നാൽ അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ചപ്പോൾ കൊച്ചിയിലെ വേദിയാണ് ഏറ്റവും അനുയോജ്യമെന്ന് തീരുമാനമായി. നവംബർ രണ്ടാം വാരത്തോടെ ടീം കേരളത്തിലെത്തുമെന്നും, അതിന്റെ അടിസ്ഥാനത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നുമാണ് സർക്കാരിന്റെ പ്രാഥമിക സൂചന.

