കൊച്ചിയിൽ സ്വകാര്യബസിന്റെ മത്സരയോട്ടം; മന്ത്രിക്ക് വിഡിയോ അയച്ചുകൊടുത്തു, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി തുടര്‍ന്ന് ഗതാഗതവകുപ്പ്. കാലടിയില്‍ അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ച ബസിന്റെ പെര്‍മിറ്റ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
സോഷ്യല്‍ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വിഡിയോയാണ് ഇത്തരത്തിൽ നടപടിയ്ക്ക് ആധാരമായത്. റോഡില്‍ വേഗപരിധി ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയില്‍ ബസുകള്‍ തമ്മില്‍ മത്സരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി അങ്കമാലി ജോയിന്റ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു.

