കൊല്ലത്തെ വീഴ്ത്തി ആലപ്പി റിപ്പിള്‍സിന് ആവേശജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിനെ രണ്ട് റണ്‍സിന് വീഴിത്തി ആലപ്പി റിപ്പിള്‍സിന് രണ്ടാം ജയം. ആലപ്പി ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. എട്ടാമനായി ക്രീസിലെത്തി 22 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ഷറഫുദീന്‍ ആണ് കൊല്ലത്തിന്റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് നായരെ നഷ്ടമായിരുന്നു. രണ്ട് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. വിഷ്ണു വിനോദ് ഒമ്പത് പന്തില്‍ 22 റണ്‍സെടുത്തു. നായകന് സച്ചി ബേബി(18), വത്സല്‍ ഗോവിന്ദ്(13), അഖില്‍ എംഎസ്.(14), സച്ചിന് പിഎസ്(18), രാഹുല്‍ ശര്‍മ(16), അമല്‍ എജി(12) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റുതാരങ്ങള്‍. ഷറഫുദ്ദീന് അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയത് ടീമിന് ജയപ്രതീക്ഷ നല്കി. എന്നാല്‍ 41 റണ്‍സെടുത്ത് താരം പുറത്തായതോടെ കൊല്ലത്തിന് തിരിച്ചുവരാനായില്ല. അവസാന രണ്ട് പന്തില്‍ 15 റണ്‍സാണ് ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബിജു നാരായണന് രണ്ട് സിക്സറടിച്ചതോടെ ടീം രണ്ട് റണ്‍സ് തോല്‍വിയോടെ മടങ്ങി.ആലപ്പിക്കായി രാഹുല്‍ ചന്ദ്രന്, മൊഹമ്മദ് ഇനാന് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആദിത്യ ബൈജു, ജലജ് സക്സേന, ശ്രീഹരി എസ് നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് ഓപ്പണര്‍ ജലജ് സക്സേനയുടെ അര്‍ധ സെഞ്ച്വറി 85(50) മികവിലാണ് മികച്ച സ്കോര്‍ നേടിയത്. ഒമ്പത് ഫോറും നാല് സിക്സുമാണ് കേരളത്തിന്റെ മറുനാടന്‍ താരം കാര്യവട്ടത്ത് പായിച്ചത്. ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് 24(24), അഭിഷേക് പി നായര്‍ 18(17), മൊഹമ്മദ് ഇനാന് 21(9) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍