കോംഗോയിൽ വീണ്ടും എബോള വ്യാപനം: 31 പേർ മരണമടഞ്ഞു

കോംഗോയിൽ വീണ്ടും എബോള പടർന്ന് പിടിച്ച് 31 പേർ മരണമടഞ്ഞതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. മൂന്ന് വർഷത്തിന് ശേഷം രാജ്യത്ത് സ്ഥിരീകരിച്ചും സാധ്യതകളുള്ളതുമായ 48 കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യമായി രണ്ട് ജില്ലകളിൽ മാത്രം കണ്ടെത്തിയ എബോള കേസുകൾ ഇപ്പോൾ നാല് ജില്ലകളിലേക്കാണ് വ്യാപിച്ചതെന്ന് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. ബുലാപേ പട്ടണത്തിലാണ് രണ്ടാഴ്ച മുമ്പ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്.
വ്യാപനം തടയുന്നതിന്റെ ഭാഗമായി WHO 14 ടൺ മെഡിക്കൽ ഉപകരണങ്ങളും ആവശ്യ സാമഗ്രികളും കോംഗോ സർക്കാരിന് കൈമാറി. കൂടാതെ 48 വിദഗ്ധരെ വിന്യസിക്കുകയും ചെയ്തു. ഗോമയിലെ ചികിത്സാ കേന്ദ്രത്തിൽ 18 ബെഡുകൾ ഒരുക്കിയതായും അതിൽ 16 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നും ടെഡ്രോസ് വ്യക്തമാക്കി.
സമ്പർക്കപ്പട്ടികയിലുള്ള 900 പേരെയും, ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടുത്തി വാക്‌സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ, ആദ്യമായി റിപ്പോർട്ട് ചെയ്ത രണ്ട് രോഗികൾ ഭേദമായി ആശുപത്രി വിട്ടുവെന്ന് WHO അറിയിച്ചു.
1970കളിലാണ് എബോള ആദ്യമായി ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്. പഴം തീനി വവ്വാലുകളും മറ്റ് വന്യജീവികളും വൈറസ് വ്യാപനത്തിന് പ്രധാന ഉറവിടമാണെന്ന് വിദഗ്ധർ പറയുന്നു.