കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ്: മൂന്ന് പേർ പിടിയിൽ
ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. ഏറ്റുമുട്ടലിനൊടുവിലായിരുന്നു തവാസി, കാർത്തിക്, കാളീശ്വരൻ എന്നിവരുടെ അറസ്റ്റ്. കാലിൽ വെടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സുഹൃത്തുമായി സംസാരിക്കുന്നതിനിടെ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സുഹൃത്തിനെ കല്ലുകൊണ്ട് ആക്രമിച്ച്, കാറിന്റെ ചില്ല് തകർത്ത ശേഷം പ്രതികൾ പെൺകുട്ടിയെ ബലമായി കൊണ്ടുപോയതാണെന്ന് പൊലീസ് അറിയിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം, ബൃന്ദാവൻ നഗർ–എസ്‌ഐഎച്ച്‌എസ് കോളനി റോഡിലാണ് സംഭവം നടന്നത്. സുഹൃത്ത് വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലാണ് ഇരയെ കണ്ടെത്തിയത്. ഒരു വിജനമായ സ്ഥലത്തുനിന്നാണ് പെൺകുട്ടിയെ രക്ഷിച്ചത്. വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിലും ആൺസുഹൃത്തിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.

