ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; ഉത്തരവിറക്കി കേരള സർവകലാശാല

തിരുവനന്തപുരം: ക്രിമിനൽ കേസുള്ള വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കേരള സർവകലാശാല പുറത്തിറക്കി. ഇതുസംബന്ധിച്ച് സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചു. ബിരുദ പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകുകയും, ഇത് ലംഘിക്കുന്ന വിദ്യാർഥികളുടെ പ്രവേശനം പ്രിൻസിപ്പൽമാർക്ക് റദ്ദാക്കാമെന്നും സർക്കുലറിൽ പറയുന്നു.
കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതിയാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പിടിക്കപ്പെട്ടിട്ടുണ്ടോ? എന്നിങ്ങനെ നാല് ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടവരോ ആയ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കു സര്‍വകലാശാല കഴിഞ്ഞ മാസം നിര്‍ദേശം നല്‍കിയിരുന്നു. പഠനം ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം ലക്ഷ്യം വച്ച് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് തീരുമാനം എടുത്തത്. വാട്‌സാപ് വഴി കോപ്പിയടിച്ചതിനെത്തുടര്‍ന്ന് 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യപ്പെട്ട വിദ്യാര്‍ഥി മറ്റൊരു വിഷയത്തില്‍ പുനഃപ്രവേശനം നേടിയത് കേരള സര്‍വകലാശാല റദ്ദാക്കിയിരുന്നു.