ക്ഷീരകർഷകർക്ക് കൂടുതൽ പ്രയോജനകരം; കേരളത്തിൽ പാൽവിലയിൽ വർധന: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. ക്ഷീരകർഷകർക്ക് കൂടുതൽ പ്രയോജനകരമാകുന്ന വിധമായിരിക്കും വില കൂട്ടുന്നത്. പാലിന് കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനം കേരളവുമാണ്. പാലിന്റെ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണെന്നും നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. തോമസ് കെ. തോമസ് എംഎൽഎയുടെ സബ്മിഷനോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റം സഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് വഴിവച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ചർച്ച നടന്നത്. പി.സി. വിഷ്ണുനാഥ് എംഎൽഎയാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ളത് കേരളമാണെന്നും ഇത് 9% ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർച്ചയായി എട്ടുമാസമായി വിലക്കയറ്റത്തിൽ ഒന്നാം സ്ഥാനത്താണ് കേരളമെന്നും വിഷ്ണുനാഥ് വിമർശിച്ചു. ലയാളിയുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത വെളിച്ചെണ്ണ ഇന്നും അത്യധികം വിലയിലാണ്. പപ്പടം ചുട്ട് തിന്നേണ്ട അവസ്ഥയാണ്. പൊതുവിപണിയേക്കാൾ വിലയ്ക്കാണ് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങേണ്ടി വരുന്നത്,” എന്ന് അദ്ദേഹം ആരോപിച്ചു.
ഇതിന് മറുപടിയായി വി. ജോയ് എംഎൽഎ, കേന്ദ്ര നയങ്ങളെക്കുറിച്ച് പ്രതിപക്ഷം ഒരു വാക്ക് പോലും വിമർശിക്കാത്തതിനെ ചോദ്യം ചെയ്തു. ഓണത്തിന് കോൺഗ്രസ് വലിയ പ്രതീക്ഷ വളർത്തിയെങ്കിലും, മലയാളിക്ക് സന്തോഷകരമായ ഓണമായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. സഭാസമ്മേളനത്തിന്റെ ആദ്യ ദിവസം പൊലീസ് അതിക്രമം, രണ്ടാമത്തെ ദിവസം അമീബിക് മസ്തിഷ്കജ്വരത്തിന്റെ വർധന എന്നിവയാണ് അടിയന്തര പ്രമേയങ്ങളിൽ ചർച്ചയായത്.