Latest News

ക്ഷേത്രങ്ങളുടെ പണം ക്ഷേത്രാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണം; മദ്രാസ് ഹൈക്കോടതി

 ക്ഷേത്രങ്ങളുടെ പണം ക്ഷേത്രാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്ത് വിനിയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. ക്ഷേത്രങ്ങളിലെ പ്രതിഠയ്ക്ക് അവകാശപ്പെട്ട പണമാണ് അവിടെ ലഭിക്കുന്ന സംഭാവന ഉള്‍പ്പെടെയുള്ള തുകകള്‍. ഈ പണം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി വിനിയോഗിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. തമിഴ്‌നാട്ടിലെ 27 ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്നും മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങള്‍ പണിയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് മധുര ബെഞ്ചിന്റെ നടപടി.

ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് വിവാഹ മണ്ഡപങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവുകളും ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യനും ജസ്റ്റിസ് ജി. അരുള്‍ മുരുകനുമടങ്ങുന്ന ബെഞ്ച് റദ്ദാക്കി. ക്ഷേത്രാവശ്യത്തിന് പുറത്ത് ഫണ്ട് ചെലവാക്കുന്നത് 1959 ലെ ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നും ഭക്തരുടെ സംഭാവനകള്‍ വകമാറ്റുന്നതിന് തുല്യമാണെന്നും കോടതി വിധിച്ചു.


ക്ഷേത്രങ്ങള്‍ക്ക് പണമായും സാധനങ്ങളായും നല്‍കുന്ന വഴിപാടും സംഭാവനകളും ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ടതാണ്. നിയമ പ്രകാരം ക്ഷേത്രത്തിലെ പ്രതിഷ്ഠ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം സ്വത്തുക്കളുടെ മേല്‍നോട്ടച്ചുമതല കോടതിക്കാണെന്നും മധുര ബെഞ്ച് വ്യക്തമാക്കി. ഇത്തരം പണം ഉപയോഗിച്ച് വിവാഹമണ്ഡപങ്ങള്‍ പണിത് വാടകയ്ക്കു നല്‍കുന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ആയി കാണാനാകില്ലെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes