ഗാസ യുദ്ധം അവസാനിക്കുന്നു: ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചെന്ന് ട്രംപ്

വാഷിങ്ടൺ: രണ്ട് വർഷം നീണ്ടുനിന്ന ഗാസ യുദ്ധം അവസാനിക്കാനൊരുങ്ങുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ടുകൾ. സമാധാന ചർച്ചയിലെ ആദ്യഘട്ടം വിജയകരമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പ്രസ്താവനയിലൂടെ കരാറിൽ ഇരു വിഭാഗങ്ങളും ഒപ്പുവച്ചതായി സ്ഥിരീകരിച്ചു. ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥത വഹിച്ചതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഉടൻ തന്നെ ഇസ്രയേൽ സേനയുടെ പിന്മാറ്റവും ബന്ദിമോചനവും നടക്കുമെന്ന് ട്രംപ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിനെ “ഇസ്രയേലിന് മഹത്തായ ദിനം” എന്ന് വിശേഷിപ്പിച്ചു. ബന്ദിമോചനത്തോടെ നയതന്ത്രപരവും ദേശീയവുമായ വിജയം നേടിയതായും നെതന്യാഹു വ്യക്തമാക്കി. ട്രംപിനോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
ഹമാസ് സമാധാനത്തിനായി ആറ് പ്രധാന ഉപാധികൾ മുന്നോട്ടുവച്ചിരുന്നു — സ്ഥിരമായ വെടിനിർത്തൽ, മനുഷ്യാവകാശ സഹായത്തിന് നിയന്ത്രണങ്ങൾ നീക്കം ചെയ്യുക, ഗാസയിലെ ജനങ്ങളുടെ തിരിച്ചുവരവ്, പുനർനിർമാണം, തടവുകാരുടെ കൈമാറ്റത്തിനുള്ള കരാർ, കൂടാതെ ഇസ്രയേൽ സേനയുടെ പൂർണ്ണ പിന്മാറ്റം എന്നിവയാണ് അവ. ഈ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇരു പക്ഷങ്ങളും കരാറിൽ ഒപ്പുവെച്ചതെന്ന് ട്രംപ് വ്യക്തമാക്കി.