ഗാസ സമാധാന ഉച്ചകോടി ഈജിപ്തിൽ; യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

കെയ്റോ: ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ സമാധാന ഉച്ചകോടി നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസിയുടെയും നേതൃത്വത്തിലാണ് ഉച്ചകോടി.
ഇന്ത്യയെ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് പ്രതിനിധീകരിക്കും. ട്രംപിന്റെ 20 ഇനങ്ങളടങ്ങിയ സമാധാന വ്യവസ്ഥകളിലൊന്നായ ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടം ഉച്ചകോടിക്ക് മുന്നോടിയായി പൂർത്തിയാകും. ഹമാസ് ഇന്ന് 20 ബന്ദികളെ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.
ഉച്ചകോടിക്ക് മുൻപ് ഗാസ യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച ട്രംപ്, വെടിനിർത്തൽ തുടരുമെന്നും ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
അതേസമയം, ഗാസയിലെ ആഭ്യന്തര സംഘർഷം രൂക്ഷമായിട്ടുണ്ട്. ഹമാസും ഡർമഷ് വിഭാഗവുമായുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ പലസ്തീൻ മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു.