ഗാസ സമാധാന കരാർ: മൂവായിരം വർഷത്തിനുശേഷം ചരിത്രനിമിഷം, ട്രംപ് ഒപ്പുവെച്ചു

കെയ്റോ: ഗാസ യുദ്ധം അവസാനിപ്പിക്കുന്ന ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. “മൂവായിരം വർഷത്തിനുശേഷം മനുഷ്യരാശിയുടെ ചരിത്രനിമിഷം” എന്നാണ് കരാറിൽ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്.
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ഈ കരാർ അമേരിക്കയും ഈജിപ്‌തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് ഒപ്പുവെച്ചത്. ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവർ മധ്യസ്ഥരായി കരാറിൽ പങ്കെടുത്തു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നതും ചർച്ചയായി.
ഉടമ്പടിയുടെ ഭാഗമായി ബന്ദികളായിരുന്നവരുടെ കൈമാറ്റവും പൂർത്തിയായി. 2023 ഒക്ടോബർ 7-ലെ ആക്രമണത്തിനിടെ ഹമാസ് പിടികൂടിയ ഇസ്രയേൽ പൗരന്മാരിൽ ജീവനോടുള്ള 20 പേരെ രണ്ട് ഘട്ടങ്ങളിലായി ഹമാസ് വിട്ടയച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളും ഇസ്രയേലിന് കൈമാറിയതായി റിപ്പോർട്ടുകൾ പറയുന്നു.
അതേ സമയം, സമാധാന കരാറിന്റെ ഭാഗമായുള്ള പ്രത്യുപകാരമായി ഇസ്രയേൽ 1968 പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്ന പ്രക്രിയയും ആരംഭിച്ചു. ഇവരിൽ ഭൂരിഭാഗവും ഗാസ നിവാസികളും കുറച്ച് പേർ വെസ്റ്റ് ബാങ്ക് സ്വദേശികളുമാണ്.