ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ

കെയ്റോ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ നടക്കും.
ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ തുടച്ചു നീക്കുമെന്ന അന്ത്യശാസനവുമായി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം, ആക്രമണം അവസാനിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടിട്ടും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ബന്ദികളുടെ മോചനം അടക്കമുള്ള ആവശ്യങ്ങളില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ പ്രകോപനപരമായ പ്രസ്താവനകളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയത്. ട്രംപിൻ്റെ കരാറിലൂടെയോ ഇസ്രയേലിൻ്റെ സൈനിക നടപടിയിലൂടെയോ ഹമാസിനെ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഗാസയില്‍ നിന്ന് ഇസ്രയേലിൻ്റെ സമ്പൂര്‍ണ പിന്മാറ്റമാറ്റമാണ് ഹമാസിൻ്റെ പ്രധാന ആവശ്യം. എന്നാല്‍ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്ന സൂചനയും നെതന്യാഹു നല്‍കി. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തുടര്‍ന്നും കൈവശം വയ്ക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, നയതന്ത്രപരമായോ, ഇസ്രയേലിൻ്റെ സൈനിക നീക്കത്തിലൂടെയോ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും നെതന്യാഹു ഭീഷണി മുഴക്കി.