ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; ‘ദ ബ്ലൂ ട്രെയിൽ’ ഉദ്ഘാടന ചിത്രം
പനാജി: 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. നവംബർ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ഗബ്രിയൽ മസ്കാരോ സംവിധാനം ചെയ്ത ബ്രസീലിയൻ സൈ-ഫൈ ചിത്രം ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രം. 81 രാജ്യങ്ങളിൽ നിന്നായി 240ൽ അധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തും.ജപ്പാനാണ് ഇത്തവണത്തെ മേളയിലെ കൺട്രി ഓഫ് ഫോക്കസ്.
7500-ഓളം പ്രതിനിധികളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. പനജിയിലെ ഇനോക്സ് മൾട്ടിപ്ലക്സ്, കലാ അക്കാദമി എന്നീ വേദികൾ സജ്ജമായതായി വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. വനിതകൾ നിർമിച്ച 50 ചിത്രങ്ങൾ, ഓസ്കർ എൻട്രി ലഭിച്ച 21 ചിത്രങ്ങൾ, പുതുമുഖ സംവിധായകർ നിർമിച്ച 50 ചിത്രങ്ങൾ എന്നിവ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 81 രാജ്യങ്ങളിൽനിന്നായി 240-ലധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തും.
ഇന്റർനാഷണൽ വിഭാഗം, ഇന്ത്യൻ പനോരമ, സിനിമ ഓഫ് ദി വേൾഡ്, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്ടാഷ്, എക്സ്പിരിമെന്റൽ ഫിലിംസ്, യൂണിസെഫ്, റീസ്റ്റോർഡ് ക്ലാസിക്കുകൾ എന്നീ വിഭാഗങ്ങളിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. 25 ഫീച്ചർ സിനിമകളും 20 നോണ്‍ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉള്ളത്.

