ചെക്ക് കേസ്: എം.കെ. മുനീറിന്റെ അപ്പീൽ തള്ളി കോടതി
കോഴിക്കോട്: ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിന് തിരിച്ചടി. കേസിൽ നൽകിയ അപ്പീൽ കോഴിക്കോട് ജില്ലാ അഡീഷണൽ കോടതി തള്ളി. പരാതിക്കാരന് 2.60 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടു. തുക അടച്ചില്ലെങ്കിൽ ആറുമാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
അഭിഭാഷകനായ മുനീർ അഹ്മദ് ആണ് കേസിലെ പരാതിക്കാരൻ. ഇന്ത്യാവിഷൻ, എം.കെ. മുനീർ, ജമാലുദീൻ ഫാറൂഖ്, മുനീറിന്റെ ഭാര്യ നഫീസ എന്നിവർക്കെതിരെയാണ് കോടതി വിധി വന്നത്.
2012ലാണ് കേസിന് ആസ്പദമായ സംഭവം. ഇന്ത്യാവിഷൻ സ്ഥാപനത്തിന് വേണ്ടി 1.37 കോടി രൂപ മുനീർ അഹ്മദിൽ നിന്ന് കടമായി വാങ്ങിയിരുന്നു. പിന്നീട് തുക തിരികെ ആവശ്യപ്പെട്ടപ്പോൾ 2013ൽ നൽകിയ ചെക്ക് മടങ്ങിയതോടെ പരാതിയിലേക്ക് കാര്യങ്ങൾ നീങ്ങി.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനീറിന്റെ അഭിഭാഷകൻ അറിയിച്ചു.

