ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംരക്ഷിക്കുന്നു;വ്യാജ ലോഗിൻ വഴി നീക്കിയത് 6018 വോട്ടുകൾ ; ആരോപണവുമായി രാഹുൽ ഗാന്ധി

വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ പറഞ്ഞു.ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ സമാപനച്ചടങ്ങിൽ വെച്ചാണ് അദ്ദേഹം ‘ഹൈഡ്രജൻ ബോംബ്’ പൊട്ടിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നത്
2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ അലന്ത് നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടാന്‍ നീക്കങ്ങൾ നടത്തി.6018 വോട്ടുകളാണ് വെട്ടാന്‍ ശ്രമിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാജ ലോഗിൻ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും വോട്ട് കൊളള നടത്തുന്നവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെളിവായി കർണാടകയിലെ അലന്ദ് മണ്ഡലത്തിൽനിന്ന് സാക്ഷികളെ രാഹുൽ ഹാജരാക്കി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
കർണ്ണാടകത്തിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കിയതിൽ വോട്ടർമാർക്ക് യാതൊരു അറിവും ഇല്ല. കർണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈൽ നമ്പറുകളിൽ സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തു.എന്നാൽ യാദൃച്ഛികമായാണ് 6018 വോട്ടുകള്‍ വെട്ടിയത് പിടികൂടിയത്. അവിടുത്തെ ബൂത്ത് ലെവൽ ഓഫീസറുടെ അമ്മാവൻ്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയിൽപ്പെട്ടു. ആരാണ് അമ്മാവന്റെ വോട്ട് വെട്ടിയതെന്ന് അവര്‍ പരിശോധിച്ചു. അയല്‍ക്കാരനാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് അമ്മാവന്റെ പേര് വെട്ടാന്‍ അപേക്ഷ നല്‍കിയതെന്ന് പരിശോധനയിൽ കണ്ടെത്തി. അയല്‍ക്കാരനോട് എന്തിനാണ് അമ്മാവന്റെ പേര് വെട്ടാന്‍ ശ്രമിച്ചതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് അതിനെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. വോട്ട് നീക്കം ചെയ്തെന്ന് പറയുന്നയാൾക്കോ അപേക്ഷ നല്‍കിയ ആളോ അറിയാതെയാണ് പേര് വെട്ടപ്പെട്ടത്.ഈ നിലയില്‍ വോട്ടര്‍ പട്ടികയില്‍ പേര് വെട്ടുന്ന പ്രക്രിയ മറ്റാരോ ഹൈജാക്ക് ചെയ്തു എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.
കർണ്ണാടകത്തിന് പുറത്ത് നിന്നുള്ള കോൾ സെൻ്ററുകൾ വഴിയാണ് വോട്ടുകൾ ഒഴിവാക്കുന്നത്. ഇതിന് ഗ്യാനേഷ് കുമാർ മറുപടി പറയണം. കർണ്ണാടക പൊലീസ് കേസെടുക്കുകയും വിവരങ്ങൾ തേടി സർക്കാർ 18 കത്തുകൾ തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകി. എന്നാൽ വിവരങ്ങൾ നൽകാൻ കമ്മീഷൻ തയ്യാറാകുന്നില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.