ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ വഴങ്ങി നേപ്പാൾ സർക്കാർ; സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചു.

കാഠ്മണ്ഡു ∙ യുവാക്കളുടെ ശക്തമായ ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ ഒടുവിൽ നേപ്പാൾ സർക്കാർ വഴങ്ങി. സമൂഹമാധ്യമങ്ങളിലെ നിരോധനം സർക്കാർ പിന്‍വലിച്ചതായി വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ 26 സമൂഹമാധ്യമങ്ങൾക്കെതിരെയാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് ഈ നീക്കമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമാകുകയും രാജ്യത്തുടനീളം കലാപം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്.
കാഠ്മണ്ഡുവിനും മറ്റു നഗരങ്ങൾക്കും നടുവിൽ നടന്ന പൊലീസ് വെടിവെപ്പിൽ 19 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചു. സമൂഹമാധ്യമ കമ്പനികൾ നേപ്പാളിൽ ഓഫീസ് തുറന്ന് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു സർക്കാരിന്റെ മുൻപത്തെ ആവശ്യം. ഇതിനെതിരെ വിദ്യാർത്ഥികളടക്കമുള്ള യുവജനങ്ങൾ ശക്തമായ പ്രതിഷേധം നടത്തി.
ഇതിനിടെ, കലാപം ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാനായി ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.