തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസുമായി സര്‍ക്കാര്‍; സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും. വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. വികസന സദസില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും അവതരിപ്പിക്കും. സദസ് സംഘടിപ്പിക്കുന്നതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കണം. പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ക്ക് നാലു ലക്ഷം രൂപയും നഗരസഭകള്‍ക്ക് ആറു ലക്ഷം രൂപയും ചെലവിടാം.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. സപ്തംബര്‍ 20 ന് ആരംഭിച്ച് ഒക്ടോബര്‍ 20 ഓടുകൂടി പൂര്‍ത്തിയാകുന്ന രീതിയിലാണ് വികസന സദസ് സംസ്ഥാനമൊട്ടാകെ നടത്തേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. ഗ്രാമപഞ്ചായത്തുകളില്‍ 250-350 പേരെയും നഗരസഭ കോര്‍പ്പറേഷനുകളില്‍ 750-1000 പേരെയും വികസന സദസില്‍ പങ്കെടുപ്പിക്കാവുന്നതാണ്. എല്ലാ വാര്‍ഡുകളില്‍ നിന്നുള്ള ജനങ്ങളുടെയും സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നുള്ളവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം. സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.