തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5 നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഭാര്യമായി പിണങ്ങിയതിന് പിന്നാലെ ഗായത്രിയുമായി പ്രണയത്തിലായി. ഗായത്രിയും പ്രവീണും ഒരു ജ്വല്ലറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ജ്വല്ലറി റിസപ്ഷനിസ്റ്റായ ഗായത്രിയെ വിവാഹം കഴിച്ചു. എന്നാൽ പ്രവീൺ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് ഗായത്രി പിന്നീട് അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. പ്രവീൺ വിവാഹമോചനം നേടാമെന്ന് ഗായത്രിക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിൻമാറി.
തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ പ്രവീണിനൊപ്പം പോകാൻ ഗായത്രി നിർബന്ധം പിടിച്ചതും ഇവർ തമ്മിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ. തമ്പാനൂരിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് പ്രവീൺ ഗായത്രിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഗായത്രിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രവീൺ ശ്രമിച്ചു. ഇതിനായി ഗായത്രിയുടെ ഫോണിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വാട്സാപ്പ് സ്റ്റാറ്റസ് ആക്കി ഇട്ടു.
അന്വേഷണത്തിൽ ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഈ കേസിൽ ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ലെങ്കിലും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

