താമരശേരി ആക്രമണം: പരിക്കേറ്റ ഡോക്ടറുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കെജിഎംഒഎ

താമരശേരി: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. പരിക്കേറ്റ ഡോക്ടറുടെ ചികിത്സാചെലവ് സർക്കാർ വഹിക്കണമെന്നും, സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നത് വരെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവെക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
സംഭവത്തെ തുടർന്ന് വിവിധ ആരോഗ്യ സംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഡോക്ടർമാർ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പേടിയോടെയാണ് ജോലി ചെയ്യുന്നതെന്നും, ആരോഗ്യ പ്രവർത്തകർക്കായി കൃത്യമായ സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, വെട്ടേറ്റ ഡോക്ടറുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 14-നാണ് സനൂപിന്റെ ഒൻപത് വയസുകാരിയായ മകൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. മകളുടെ ചികിത്സയിൽ പിഴവുണ്ടായെന്നാരോപിച്ചാണ് ആക്രമണം നടന്നത്. എന്നാൽ, ആശുപത്രിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ മറുപടി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കെജിഎംഒഎ, ഐഎംഎ, കെജിഎൻഎ, എൻജിഒ യൂണിയൻ തുടങ്ങിയ സംഘടനകൾ അടിയന്തര യോഗങ്ങൾ ചേർന്നിട്ടുണ്ട്. മകളുടെ മരണത്തിന് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് പ്രതി സനൂപ് ഡോക്ടറെ ആക്രമിച്ചതായാണ് റിപ്പോർട്ട്.