തിയേറ്ററുകളില്‍ ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം; ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന് പുതുവഴി തുറക്കുന്നതിനായി ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി)യും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ കൈമാറ്റം. കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി. എസ്.യും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. എ. മുജീബും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇ-ടിക്കറ്റിങ് സംവിധാനം സിനിമാ വ്യവസായത്തെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല കെഎസ്എഫ്ഡിസിക്കാണ്.
കേരളത്തിലെ എല്ലാ തിയേറ്ററുകളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതി 2026 ഫെബ്രുവരി മുതല്‍ പൂര്‍ണമായി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. സിനിമാ മേഖലയുടെ സമഗ്ര പുരോഗതിക്ക് ഈ സംവിധാനം വലിയ പ്രചോദനമാകുമെന്ന പ്രതീക്ഷയും മന്ത്രി സജി ചെറിയാന്‍ പ്രകടിപ്പിച്ചു.