തിരുവനന്തപുരത്ത് യൂറോളജി ശസ്ത്രക്രിയകൾ നിർത്തി; മതിയായ ഉപകരണങ്ങളില്ല, താത്കാലിക ഇടപെടലിൽ 100 കോടി അനുവദിച്ചു
രോഗികളിൽനിന്നു പണപ്പിരിവു നടത്തി ഉപകരണങ്ങൾ വാങ്ങരുതെന്ന മന്ത്രി വീണാ ജോർജിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തി. വൃക്കയിലും സമീപവുമുള്ള കല്ലുകൾ നീക്കം ചെയ്യുന്ന റെട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറിയ്ക്ക് ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് എന്ന ഉപകരണമില്ലാത്തതിനാൽ ശസ്ത്രക്രിയ നിർത്തി വെച്ചു.
പഞ്ഞി മുതൽ സകലതും രോഗികൾ വാങ്ങി നൽകേണ്ട അവസ്ഥയാണ് സർക്കാർ ആശുപത്രികളിലെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. തുടർന്ന് രോഗികളെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുന്നത് നിർത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് രോഗികളിൽ നിന്നു പണപ്പിരിവു നടത്തി ഉപകരണം വാങ്ങുകയും ശസ്ത്രക്രിയ നടത്തിയതും.
നികുതി ഉൾപ്പെടെ ഒരു ഉപകരണത്തിന് 60,000 രൂപ ചിലവാകും. പരമാവധി 12 പേരുടെ കല്ലുകൾ നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കാം.ലിയ കല്ലുകളാണെങ്കിൽ 8 പേർക്കേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. കൂടാതെ ഡോ. ഹാരിസ് ആശുപത്രി മേധാവികൾക്കു കത്തു നൽകിയിട്ടുണ്ടെന്നാണു വിവരം. എന്നാൽ ഇപ്പോൾ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ നടത്തി. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീർക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ ഇതിനോടകം അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. കെഎംഎസ്‍സിഎല്ലിന് 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

