തൃക്കാക്കരയില്‍ സമവായം; സിപിഐഎം-സിപിഐ തര്‍ക്കം പരിഹരിച്ചു
എറണാകുളം: തൃക്കാക്കര നഗരസഭയിലെ എൽഡിഎഫ് സഖ്യകക്ഷികളായ സിപിഐഎം–സിപിഐ തമ്മിലുള്ള സീറ്റ് വിഭജന തർക്കം പരിഹരിച്ചു. നഗരസഭയിൽ ഒരുമിച്ച് മത്സരിക്കാനുള്ള ധാരണയോടെയാണ് പ്രശ്നങ്ങൾ ഒത്തുതീർന്നത്. ഹെൽത്ത് സെൻറർ വാർഡ് സിപിഐഎമ്മിന് വിട്ടുകൊടുക്കാൻ സിപിഐ സമ്മതിച്ചു.
സഹകരണ വാർഡിൽ സിപിഐയും ടിവി സെൻറർ വാർഡിൽ സിപിഐ സ്ഥാനാർഥിയും മത്സരിക്കും. ഹെൽത്ത് സെൻറർ വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പി. സി. മനൂപിനെ നിർത്താനും തീരുമാനം എടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സീറ്റ് വിഭജനത്തെ ചൊല്ലി മുന്നണിക്കുള്ളിൽ ആശങ്ക ഉയർന്നിരുന്നു. പ്രശ്നം പരിഹരിക്കുന്നതുവരെ പ്രചരണത്തിൽ പങ്കെടുക്കാതിരിക്കുമെന്ന നിലപാട് സിപിഐ എടുത്തതോടെ വിഷയത്തിന് കൂടുതൽ ഗൗരവം ലഭിച്ചിരുന്നു. തൃക്കാക്കരയിലെ ഹെൽത്ത് സെൻററും സഹകരണറോഡും വാർഡുകളെയാണ് തർക്കം ചുറ്റിപ്പറ്റിയിരുന്നത്.
വാർഡ് പുനർവിഭജനത്തിൽ അത്താണി വാർഡിലെ ഭൂരിപക്ഷ വോട്ടുകൾ ഹെൽത്ത് സെൻറർ വാർഡിലേക്ക് മാറിയതിനാൽ ഈ വാർഡ് കൈവിടാനാവില്ലെന്നും സിപിഐ ആവർത്തിച്ചിരുന്നുവെങ്കിലും അവസാനം സിപിഐഎമ്മിന് വിട്ടുകൊടുക്കാനാണ് ധാരണയായത്.

