തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കണം; നിര്‍ണായക ഉത്തരവിറക്കി സുപ്രീം കോടതി
ന്യൂഡൽഹി: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി നിർണായക ഉത്തരവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പൊതു സ്ഥലങ്ങളിൽ നിന്നും തെരുവുനായകളെ എട്ടാഴ്ചയ്ക്കുള്ളിൽ നീക്കി വന്ധ്യംകരിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു. രാജ്യത്ത് തെരുവുനായ ആക്രമണങ്ങളും ശല്യങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. വിവിധ ഹർജികൾ പരിഗണിച്ച ശേഷമാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത്ത, എൻ.വി. അഞ്ചാരിയ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കായിക സമുച്ചയങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പൊതു സ്ഥാപനങ്ങളിൽ തെരുവുനായകൾ കടക്കുന്നത് പൂർണ്ണമായി തടയണമെന്നും കോടതി വ്യക്തമാക്കി.തദ്ദേശ സ്ഥാപനങ്ങൾ സഹകരിച്ചാണ് ഈ നടപടികൾ നടപ്പാക്കേണ്ടത്. 2023ലെ ആനിമൽ ബർത്ത് കണ്ട്രോൾ നിയമം അനുസരിച്ച് നായകൾക്ക് വാക്സിനേഷൻ നൽകുകയും വന്ധ്യംകരണം നടത്തുകയും ചെയ്ത ശേഷം അവരെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും അതേ സ്ഥലത്ത് തിരികെ വിടാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
കൂടാതെ സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥാപനങ്ങളിലേക്കും തെരുവുനായകൾ കടക്കുന്നത് തടയുന്നതിനായി സ്ഥിരപരിശോധനകൾ നടത്തണമെന്നും, നടപ്പാക്കുന്ന നടപടികളെക്കുറിച്ച് ഓരോ സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇതിനൊപ്പം ദേശീയപാതകളിലെയും റോഡുകളിലെയും കന്നുകാലികളെയും മറ്റു മൃഗങ്ങളെയും നീക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കന്നുകാലികളെ ഗോശാലകളിലേക്കോ ഷെൽട്ടറുകളിലേക്കോ മാറ്റണമെന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവിനും സുപ്രീം കോടതി അംഗീകാരം നൽകി

