ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടതായി അവകാശവാദം,

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹ ലക്ഷ്യമാക്കി ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. സ്‌ഫോടന പരമ്പര നടന്നതായി ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ജനവാസ കേന്ദ്രങ്ങൾക്കടുത്തുള്ള ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ഖത്തർ സർക്കാരിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്കായി ഹമാസ് ചീഫ് ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ ദോഹയിൽ ഉണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു ആക്രമണം.
ഖത്തറിലെ ഖത്വാരി പ്രവിശ്യയിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഐഡിഎഫ്-ഷിൻബെറ്റ് വിഭാഗങ്ങളുടെ സംയുക്ത ദൗത്യമായാണ് ആക്രമണമെന്നു ഇസ്രയേൽ പ്രസ്താവനയിൽ പറഞ്ഞു. ഹമാസ് പൊളിറ്റിക്കൽ വിഭാഗം നേതാക്കൾ താമസിക്കുന്ന കെട്ടിടത്തിലും ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുതിർന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു.