ധർമ്മസ്ഥല ഗൂഢാലോചന കേസ്; പ്രത്യേക അന്വേഷണത്തിന് താൽക്കാലിക സ്റ്റേ
ബെംഗളൂരു: ധർമ്മസ്ഥല ഗൂഢാലോചന കേസ് അന്വേഷണത്തിൽ പ്രത്യേക സംഘത്തിന് തിരിച്ചടി. ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ അന്വേഷണം കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. നവംബർ 12ന് ഈ ഹർജിയിൽ വിശദമായ വാദം നടക്കും വരെയാണ് കർണാടക ഹൈക്കോടതി അന്വേഷണ നടപടികൾ സ്റ്റേ ചെയ്തത്. കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലാണ് നടപടി. തങ്ങളുടെ പരാതിയിൽ എടുത്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയായ സി എൻ ചിന്നയ്യയുടെ വെളിപ്പെടുത്തൽ . ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസിൽ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ല എന്ന് വിമർശിച്ചു. ധർമസ്ഥല വിവാദങ്ങള്‍ക്ക് പിന്നാലെ ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റിനെ നാടുകടത്താനും ഉത്തരവ് ഇറങ്ങിയിരുന്നു. ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നാണ് മഹേഷ് ഷെട്ടി തിമരോടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അഞ്ച് കേസുകളിൽ പ്രതിയായ സാഹചര്യത്തിലായിരുന്നു നീക്കം.

