നിപ പ്രതിരോധത്തിൽ പുതിയ മുന്നേറ്റം: സ്യൂഡോവൈറോൺ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകർ

തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിൽ നിർണായക മുന്നേറ്റവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി). നിപയെ കുറിച്ച് കൂടുതൽ സുരക്ഷിതമായ പഠനത്തിനും വേഗത്തിലുള്ള രോഗനിർണയത്തിനും വഴിയൊരുക്കുന്ന ‘സ്യൂഡോവൈറോൺ’ എന്ന ഹൈബ്രിഡ് വൈറസിനെ സ്ഥാപനം വിജയകരമായി വികസിപ്പിച്ചു.
നിപ വൈറസിന്റെ പുറംഭാഗത്തെ പ്രോട്ടീനുകൾ, താരതമ്യേന അപകടകാരിയല്ലാത്ത കന്നുകാലി വൈറസിന്റെ ഉള്ളിലേക്ക് മാറ്റിയാണ് സ്യൂഡോവൈറോൺ സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ, രോഗത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനും, വാക്സിനുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്താനും ഗവേഷകർക്ക് കഴിയുമെന്ന് ഐഎവി അറിയിച്ചു. ഐഎവി ഡയറക്ടർ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
2018-ലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്ന് 17 പേരുടെ ജീവൻ നഷ്ടമായിരുന്നു. പിന്നീട് നടന്ന പ്രാദേശിക ബാധകളിൽ രോഗികളെ രക്ഷപ്പെടുത്തുന്നതിൽ സംസ്ഥാനത്തിന് വിജയം കൈവരിക്കാനായെങ്കിലും, വൈറസിന്റെ യഥാർത്ഥ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇപ്പോഴുള്ള കണ്ടെത്തൽ, രോഗബാധയുടെ ഉറവിടാന്വേഷണത്തിനും പ്രതിരോധ ഗവേഷണങ്ങൾക്കും പുതിയ വഴി തെളിയിക്കുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.