നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; പാർലമെന്റിൽ തന്നെ തുടരും: ഷാഫി പറമ്പിൽ
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. പാർലമെന്റിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ എംപിമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ആരാണ് പറഞ്ഞതെന്ന് ഷാഫി ചോദിച്ചു. ചില മാധ്യമങ്ങൾ എംപിമാരുടെ ചിത്രങ്ങൾ വെച്ച് മത്സരിക്കാൻ തയ്യാറാണെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മാധ്യമസൃഷ്ടികളായ വാർത്തകൾ വിശ്വസിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് ഷാഫി ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പറയാനാകില്ല എന്ന നിലപാടായിരുന്നു ഷാഫി പറമ്പിൽ ആദ്യം സ്വീകരിച്ചിരുന്നത്. എംപിമാർ മത്സരിക്കുമെന്ന ചർച്ചകൾ ഉയർന്നപ്പോഴും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പാലക്കാട് മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവെച്ചാണ് വടകരയിൽ നിന്ന് മത്സരിച്ച് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് എംപിയുടെ വിശദീകരണം.
ഇതിനിടെ സണ്ണി ജോസഫ് ഒരു വേദിയിൽ നടത്തിയ പരാമർശവും ശ്രദ്ധ നേടിയിരുന്നു. ഷാഫിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിലും വടകരക്കാർ അദ്ദേഹത്തെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നായിരുന്നു തമാശരൂപത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം. അന്ന് തമാശയായി പറഞ്ഞതാണെങ്കിലും തനിക്കുള്ള ഉത്തരവാദിത്തം സണ്ണി ജോസഫ് കൃത്യമായി ഏൽപ്പിച്ചിട്ടുണ്ടെന്ന് ഷാഫി മറുപടി നൽകി.
ഷാഫിക്ക് പുറമെ കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള ചില എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചനയും കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഉയരുന്നുണ്ട്.

