നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക സർവീസ്
ന്യൂഡൽഹി: നേപ്പാളിൽ ശക്തമായി തുടരുന്ന ജെൻസി പ്രക്ഷോഭത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും പ്രത്യേക സർവീസ് നടത്തും. അധിക വിമാന സർവീസുകൾ ക്രമീകരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു അറിയിച്ചു. വിമാനക്കമ്പനികൾ യാത്രാ നിരക്കുകൾ ന്യായമായ നിലവാരത്തിൽ നിലനിർത്തണമെന്ന് നിർദ്ദേശവും നൽകിയതായി മന്ത്രി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
“പ്രക്ഷോഭം മൂലം നേപ്പാളിലെ വിമാനത്താവളം അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ നിരവധി യാത്രക്കാർ കുടുങ്ങിയിരുന്നു. എന്നാൽ വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചതോടെ എയർ ഇന്ത്യയും ഇൻഡിഗോയും ചേർന്ന് അടുത്ത ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും,” നായിഡു പറഞ്ഞു.
സമീപകാല സംഭവവികാസങ്ങൾ കാരണം യാത്രയ്ക്കായി കാത്തിരിക്കുന്നവരെ സഹായിക്കുന്നതിനായി ഇന്നും നാളെയുമായി ഡൽഹി–കാഠ്മണ്ഡു റൂട്ടിൽ പ്രത്യേക സർവീസുകൾ ഉണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ദിവസം മുതൽ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനക്ഷമമായിട്ടുണ്ട്.

