നേപ്പാളിൽ ജെൻസി കലാപത്തിന് മറവിൽ അക്രമവും കൊള്ളയും വ്യാപകം ; സൈന്യം കടുത്ത നടപടികളിലേക്ക്
കാഠ്മണ്ഡു: നേപ്പാളിൽ സർക്കാരിനെതിരായ ജെൻ സി പ്രതിഷേധങ്ങളുടെ മറവിൽ അക്രമവും കൊള്ളയും വ്യപകമാകുന്നതായി പരാതി. പൊതുമുതൽ നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ സൈന്യത്തിന് കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദേൽ മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റെ പൈതൃകവും പൊതുസ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൗരന്മാർക്കുണ്ട്. ശാന്തതയും സമാധാനവും പാലിക്കാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്ദേല്‍ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ച് അവസാനിപ്പിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് ദേശീയ ടെലിവിഷനിലൂടെ കരസേനാ മേധാവി ജനങ്ങളോട് പരസ്യമായി അഭ്യർഥന നടത്തി.
പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ സർക്കാർ അധികാരത്തിൽ വരുന്നതു വരെ രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും തെരുവുകളിൽ അക്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യവ്യാപകമായി നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിന്റെ സുരക്ഷക്ക് സൈന്യത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യ സ്പൈസ് ജെറ്റ് തുടങ്ങി നിരവധി വിമാന സര്‍വീസുകൾ റദ്ദാക്കി. കൂടാതെ നേപ്പാളില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. കാഠ്മണ്ഡു മേയറായ 35 കാരന് ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകണമെന്ന് പ്രക്ഷോഭകാരികള്‍ നിര്‍ദേശം മുന്നോട്ടുവെച്ചതായാണ് സൂചന

