ന്ദ്രന്റെ മറുപാതി കണ്ടു; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 ദൗത്യസംഘം
ചാന്ദ്ര ദൗത്യം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആര്‍ട്ടിമിസ് 2 പുതിയ ചരിത്രം കുറിച്ചു. ഭൂമിയില്‍നിന്ന് ഏകദേശം 2,52,760 മൈല്‍ ദൂരം സഞ്ചരിച്ച് മനുഷ്യര്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ദൂരം പിന്നിട്ട ദൗത്യമായി ഇത് മാറി. 1970ല്‍ അപ്പോളോ 13 സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്.
ഒറയോണ്‍ പേടകം ചന്ദ്രനോട് ഏറ്റവും അടുത്തെത്തുന്ന ‘ഫ്ളൈ ബൈ’ ഘട്ടം പുലര്‍ച്ചെ ആരംഭിച്ചു. ഈ ഘട്ടത്തില്‍ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു. ചന്ദ്രന് പേടകത്തിനും ഭൂമിക്കും ഇടയില്‍ വരുന്നതിനാല്‍ ഇത്തരം ബ്ലാക്ക് ഔട്ട് സാധാരണമാണെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നാസ അറിയിച്ചു.
ബ്ലാക്ക് ഔട്ട് പൂര്‍ത്തിയായതോടെ പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചു. അപ്പോളോ 8 ദൗത്യത്തിലെ പ്രശസ്തമായ ‘എര്‍ത്ത്റൈസ്’ ചിത്രം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടും പകര്‍ത്താനാണ് സംഘത്തിന്റെ ലക്ഷ്യം.
റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റിന കോച്ച്, ജെറമി ഹാന്സെന് എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. ചന്ദ്രന്റെ മറുവശത്തുകൂടി മനുഷ്യര്‍ ആദ്യമായി സഞ്ചരിച്ചതും ഈ ദൗത്യത്തിന്റെ മറ്റൊരു ചരിത്ര നേട്ടമായി മാറി.

