ന്യൂമാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനി ഉൾപ്പടെ 16 പ്രതികളെയും വെറുതെ വിട്ടു

തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊലപാതക കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ 2010-ല്‍ കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്.
2010 മേയ് 28ന് രാവിലെ 11ന് ന്യൂ മാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കൊടി സുനി രണ്ടാം പ്രതിയും മുഹമ്മദ് ഷാഫി നാലാം പ്രതിയുമായിരുന്നു. കേസില്‍ പതിനാറ് പ്രതികളാണുള്ളത്. ജനുവരി 22-നാണ് കേസില്‍ വിചാരണ തുടങ്ങിയത്. ജൂലായില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ 44 സാക്ഷികളെയും പ്രതിഭാഗം രണ്ടു സാക്ഷികളെയും വിസ്തരിച്ചു. കൊല്ലപ്പെട്ട ഷിനോജിന്റെ പോലീസ് സ്റ്റേഷനിലുള്ള ബൈക്ക് വിചാരണ തുടങ്ങിയ ദിവസം കോടതിയില്‍ ഹാജരാക്കി. വിചാരണ തുടങ്ങുമ്പോള്‍ പരോളിലായിരുന്ന കൊടി സുനി കോടതി അനുമതിയോടെയാണ് വിചാരണയ്ക്ക് ഹാജരായത്. നാലാംപ്രതി മുഹമ്മദ് ഷാഫി, 13-ാംപ്രതി ഷിനോജ് എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് വിചാരണയ്‌ക്കെത്തിയത്.