ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിറഞ്ഞ സന്തോഷത്തോടെയും എല്ലാവരുടെയും അനുമതിയോടെയും മാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പബ്ലിക്ക് പ്രൈവറ്റ് പാർട്ടനർഷിപ്പിലാണ് മാർക്കറ്റ് എല്ലാവർക്കും സന്തോഷിക്കാവുന്ന ഒരു പദ്ധതിയാണിതെന്നും വലിയ തോതിലുള്ള സൗകര്യം ഉയർന്നുവരുന്നതാണ് ഇവിടെ കാണേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂ പാളയം മാർക്കറ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ നാട്ടിൽ തുടർന്നും സ്വീകരിക്കാവുന്ന പദ്ധതിയാണ്. സ്വകാര്യപങ്കാളിത്തം വരുന്നത് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ കയ്യിലുള്ള പണം ഒരു പൊതുവായ ആവശ്യത്തിന് വിനിയോഗിക്കുമ്പോൾ ഒരു നിക്ഷേപം വരുമ്പോൾ ഒരു പദ്ധതിയായി നടപ്പിലാക്കപ്പെടുമ്പോൾ അതിൻ്റെ ഭാഗമായി ഗുണമനുഭവിക്കുന്നവർ നിരവധി പേരാണ്. കയ്യിലുള്ള പണം ബാങ്കിൽ കിടന്നാൽ ഇത്തരം സാമൂഹ്യ മാറ്റങ്ങൾ ഉണ്ടാവില്ല. ഈ പദ്ധതി നല്ല മാതൃകയാണ്. ആ നല്ല മാതൃക പിന്തുടരാൻ ഉള്ള പ്രചോദനമായി ഈ പദ്ധതി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കൺമുന്നിലുള്ള നേട്ടങ്ങളും പുരോഗതിയും കണ്ടില്ലെന്ന് നടിക്കുകയാണ് പ്രതിപക്ഷം. എന്നാൽ നാട് നേട്ടങ്ങൾ കാണുന്നുണ്ട്. തങ്ങൾക്ക് നേട്ടമുണ്ടായിട്ടില്ലെന്നാണ് പറയുന്നതെങ്കിൽ അത് ശരിയായിരിക്കും. ഏതെങ്കിലും പ്രത്യേക ആളുകൾക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയല്ല നാടിനു വേണ്ടിയാണ് ഭരണസംവിധാനം. തങ്ങൾക്ക് സ്വാർത്ഥലാഭം ഉണ്ടാക്കാൻ കഴിയുന്നില്ല. എന്ന ചിന്തയാണ് അതിന് പിന്നിൽ. പക്ഷേ ബഹുജനങ്ങൾ കാര്യങ്ങൾ നല്ല രീതിയിൽ തിരിച്ചറിയുന്നു എന്നത് സന്തോഷകരമാണ്. ഈ കാര്യങ്ങളിൽ എതിർക്കുന്നവരെ ബഹുജനങ്ങൾ മനസിലാക്കുക എന്നത് മാത്രമാണ് കാര്യമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.