പലസ്തീന്‍ തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നൽകണം; ഇസ്രായേൽ സുപ്രീം കോടതി

ടെല്‍ അവീവ്: ഇസ്രയേലിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണെന്ന് ഇസ്രയേല്‍ സുപ്രീംകോടതി. ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും വർധിപ്പിച്ചു തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2023 ല്‍ യുദ്ധം ആരംഭിച്ച ശേഷം സുപ്രീംകോടതിയുടെ ഒരു സുപ്രധാന ഇടപെടലാണിത് . ഇസ്രയേലിൽ വിവിധ ജയിലുകളിലായി ആയിരത്തിലധികം പലസ്തീനികളാണ് തടവില്‍ കഴിയുന്നത്. കഴിഞ്ഞ വര്ഷം അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രയേല്‍, ഗിഷ എന്നീ സംഘടനകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ബോധപൂര്‍വ്വം ആണ് തടവുകാര്‍ക്കുള്ള ഭക്ഷണം സര്‍ക്കാര്‍ തടഞ്ഞുവെയ്ക്കുന്നത് എന്നാണ് സംഘടനകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് തടവുകാര്‍ക്കിടയില്‍ പോഷകാഹാരക്കുറവിനും പട്ടിണിക്കും കാരണമാകുന്നുണ്ടെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടു. മൂന്നംഗ ജഡ്ജിമാര്‍ അടങ്ങിയ പാനലായിരുന്നു രണ്ട് ജഡ്ജിമാര്‍ പലസ്തീന്‍ തടവുകാര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു. ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍ തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും ഇത് ലഭ്യമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.