പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തിയതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

കാസർഗോഡ്: കുമ്പള സ്കൂളിലെ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കിയ മൈം നിർത്തിവയ്പ്പിച്ചതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി. പലസ്തീൻ ജനതയോട് എന്നും ഐക്യദാർഢ്യ നിലപാടാണ് സർക്കാരിനുള്ളത്.പാലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് കേരളമെന്നും വിദ്യാർഥികൾക്ക് വീണ്ടും മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയാണ് കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് മൈമിൽ അവതരിപ്പിച്ചത്. കുട്ടികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകർ വേദിയിലേക്ക് കയറി വന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോസ്റ്ററുമായി ചില വിദ്യാർഥികൾ സ്റ്റേജിലേക്ക് കയറിവരികയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത് എന്നാണ് അധ്യാപകരുടെ വിശദീകരണം.