പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം
പാലക്കാട്: കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്ന് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ആക്രമണം.
കോട്ടോപ്പാടം ചെന്നേരികുന്നിൽ വച്ചാണ് ഷൈജുവിനെ ആന ആക്രമിച്ചത്. രണ്ട് ആനകളെ തുരത്തുന്നതിനിടെയാണ് ഒരു ആന ഷൈജുവിനെ ആക്രമിച്ചത്. ആന ഷൈജുവിനെ വലിച്ചെറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരണപ്പെട്ടു. വാരിയെല്ലിനും മുതുകിനുമെല്ലാം വലിയ രീതിയിലുള്ള പരിക്കുകളുണ്ടായിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

