പാലക്കാട് വിദ്യാർഥി ജീവനൊടുക്കിയതിൽ നടപടി; ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെന്ഷന്

പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കിയതിൽ പ്രധാന അധ്യാപികയെയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്ത് മാനേജ്മെൻ്റ്. വിദ്യാർഥി പ്രതിഷേധം പിടിവിട്ടതോടെയാണ് മാനേജ്മെൻ്റിൻ്റെ നടപടി. പ്രധാന അധ്യാപിക ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. എന്നാൽ സസ്പെൻഷൻ അംഗീകരിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. അന്വേഷണവിധേയമായി പത്ത് ദിവസത്തേക്കാണ് മാറ്റി നിര്‍ത്താനാണ് തീരുമാനം.
അധ്യാപികയുടെ മാനസിക പീഡനമാന് മകന് ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അര്‍ജുന്റെ മരണത്തിനിടയാക്കിയ സംഭവം നടക്കുന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. അര്ജുന് ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും സ്കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക ഇതേ വിഷയത്തില്‍ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥികൾ ഉന്നയിക്കുന്ന ആരോപണം. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബവും ആരോപിച്ചിരുന്നു.