പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു;അടച്ചിട്ട ടോള്‍ പ്ലാസ തുറക്കുമ്പോള്‍ കൂട്ടിയ നിരക്ക്

കൊച്ചി: പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ ഒമ്പത് വരെ പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ചിരിക്കുകയാണ്. ടോൾ പിരിവ് പുനഃരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോൾ തടഞ്ഞിരിക്കുന്നത്.പാലിയേക്കരയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്കരിക്കുക. ഈ വർഷത്തെ പുതുക്കിയ നിരക്കനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചുരൂപ മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചത്. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ ഇനി 95 രൂപയാകും, നേരത്തെ 90 രൂപയായിരുന്നു. ദിവസം ഒന്നിൽകൂടുതൽ യാത്രയ്ക്ക് 140 രൂപ എന്നതിൽ മാറ്റമില്ല.
ചെറുകിട വാണിജ്യ വാഹനങ്ങൾ – 165, ഒന്നിൽ കൂടൂതൽ യാത്രകൾക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 495. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 795.ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെ ആണ് വീണ്ടും ടോൾ വർധന. പുതിയ അടിപ്പാതകളുടെ നിർമാണം തുടങ്ങിയപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ ബദൽ സംവിധാനം ഒരുക്കിയിരുന്നില്ല. ഇത് സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് കാരണമായിരുന്നു.
പിന്നാലെയാണ് ടോൾ പിരിവ് നിർത്തിവെച്ചത്. അതേസമയം, അടിപ്പാതകളുടെ നിർമാണം നടത്തിയത് മറ്റൊരു കമ്പനിക്കാരാണ് എന്നാണ് ജിഐപിഎല്ലിന്റെ വാദം. അതുകൊണ്ടുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം തങ്ങളല്ല എന്ന നിലപാടിലാണ് ജിഐപിഎൽ.