പാലുൽപ്പാദനത്തിൽ സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കാൻ മിൽമ ഭരണസമിതി
എറണാകുളം: പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കി നിയമിക്കാന്‍ മില്‍മ എറണാകുളം യൂണിയൻ. നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനുള്ള ഭരണഘടനാ ഭേദഗതി പൊതുയോഗത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. ഭരണസമിതിയുടെ നിലപാടുമായി ഇതിനോടകം സര്‍ക്കാരിനെ അറിയിച്ചു.
മില്‍മ മേഖലാ യൂണിയന് എംഡി സ്ഥാനത്തേക്കുളള യോഗ്യത ഡയറി സയന്‍സും ഡയറി എന്‍ജിനീയറിംഗും ഉള്‍പ്പെടെ പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട ബിരുദമായിരുന്നു. മാനേജീരിയല്‍ കേഡറിൽ പത്തു വര്‍ഷത്തെ അനുഭവ സമ്പത്തും ഒപ്പം വേണം. എന്നാല്‍, ഈ യോഗ്യതയില്‍ മാറ്റം വരുത്താനുളള നീക്കമാണ് എറണാകുളം മേഖലാ യൂണിയന് മുൻപോട്ടു വെച്ചിരിക്കുന്നത്. മേഖലാ യൂണിയന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബൈലോ തിരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ചില ക്ഷീര സംഘം പ്രസിഡന്റുമാരും ഭരണസമിതിയുടെ നീക്കത്തില്‍ വിയോജിപ്പിലാണ്. പാലുമായും പശുവുമായും ബന്ധമില്ലാത്തവര്‍ മില്‍മയെ നയിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളാണ് ബൈലോ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഭേദഗതിയിൽ എംബിഎയോ കമ്പനി സെക്രട്ടറി, ചാർട്ടേർഡ് അക്കൗണ്ടന്റ് യോഗ്യതയോ ഉണ്ടെങ്കിൽ സ്ഥാനക്കയറ്റം വഴി എം ഡി ആകാം. എന്നാൽ, നേരിട്ടുള്ള നിയമനത്തിന് ഡയറി സയൻസ് യോഗ്യത നിലനിർത്തിയിട്ടുമുണ്ട്. ഭരണസമിതിയുടെ വിശ്വസ്തരായ ചില ഉദ്യോഗസ്ഥരെ എംഡിയാക്കാനുളള പിന്‍വാതില്‍ നീക്കമാണ് നടക്കുന്നതെന്നാണ് ഉയർന്നു വരുന്ന വിമര്‍ശനം. ഭരണസമിതിയുടെ നീക്കത്തിനെതിരെ മില്‍മയിലെ സിഐടിയു യൂണിയനും ഓഫീസേഴ്സ് അസോസിയേഷനും ക്ഷീര വികസന മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും കത്ത് നല്കി.

