പിഎം ശ്രീ: പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ല
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക കേരളം ഉടൻ കേന്ദ്രത്തിന് കൈമാറില്ല. ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) ഫണ്ടിനായി മാത്രമേ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയുള്ളു. ആദ്യ ഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കും. 971 കോടി രൂപയാണ് എസ്എസ്‌കെയ്ക്ക് വേണ്ടി കേന്ദ്രം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവച്ചാൽ തടഞ്ഞുവച്ച വിഹിതങ്ങൾ നൽകാമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഈ മാസം 16നാണ് പിഎം ശ്രീയില്‍ ഒപ്പുവെക്കേണ്ട ധാരണാപത്രം തയ്യാറാക്കിയത്. 23ന് ഡല്‍ഹിയിലെത്തി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
അതേസമയം പിഎം ശ്രീയെ ചൊല്ലി വിവാദങ്ങൾ തുടരുകയാണ്. പി എം ശ്രീ പദ്ധതി യിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗത്തിലും മുഖപ്രസംഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ നടപടിയിൽ എതിർപ്പ് അറിയിച്ച് സിപിഐ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തു നൽകിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.
ഇന്ന് ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ച ചെയ്യും. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം തുടർ നടപടിയിലേക്ക് കടക്കാനാണ് സിപിഐ യുടെ തീരുമാനം.പുതിയ സെക്രട്ടേറിയറ്റ്, ദേശീയ കൗൺസിൽ അംഗങ്ങളുടെ ചുമതലകൾ, ബിഹാർ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും സിപിഐ നേതൃയോഗം ചർച്ച ചെയ്യും.

