പിഎം ശ്രീ വിവാദം; മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ കൂടിക്കാഴ്ചയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം: ചര്‍ച്ചകള്‍ തുടരും
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പി എം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യും. ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. ആലപ്പുഴയിൽ ചേരുന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗത്തിൽ ശരിയായ തീരുമാനം ഉണ്ടാകുമെന്നും ബിനോയ് വിശ്വം അറിച്ചു. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം.
അതേസമയം, പിഎം ശ്രീ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ പോകുമെന്ന് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാർട്ടിക്ക് പറയാനുള്ളതെല്ലാം പാർട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

