ഫ്രഷ് കട്ട് സംഘർഷം: ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെയാണ് കേസ്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ മൂന്ന് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
കണ്ണൂർ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത് കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ വൈകിട്ടാണ് പ്ലാന്റിനു മുന്നിൽ നടന്ന സമരതിനിടെ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു.
തിരുവമ്പാടി സ്റ്റേഷനിലെ എഎസ്‌ഐയെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മൊബൈലിൽ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച എഎസ്‌ഐയെ അക്രമിച്ചെന്നും 45000 രൂപയുടെ മൊബൈൽ കവർച്ച ചെയ്‌തെന്നും എഫ്‌ഐആറിൽ പറയുന്നു. ഇന്നലെ വൈകീട്ടാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ടിന്റെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിൽ സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്.