ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടു ന്യൂനമര്‍ദ്ദം; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിൽ രാവിലെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. രണ്ടാമത്തെ ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് മഴ കൂടാന്‍ കാരണമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വ്യാഴാഴ്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശനിയാഴ്ചയോടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലിനു പുറമെ പടിഞ്ഞാറന്‍ പാസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ സജീവമായതിനാൽ ഇതും വരുംദിവസങ്ങളില്‍ മഴയെ സ്വാധീനിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

