ബാലൺ ഡി ഓർ പുരസ്കാരം; ഡെംബലെയും ഐറ്റാന ബോൺമാറ്റിയും ജേതാക്കൾ
പാരിസ്: ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ബാലൺ ഡി ഓർ ഈ വർഷം പി.എസ്.ജി താരമായ ഒസ്മാൻ ഡെംബലേ സ്വന്തമാക്കി. ബാഴ്സലോണയുടെ യുവതാരമായ ലാമിൻ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്ട്രൈക്കർ പുരസ്കാരത്തിലേക്ക് ഉയർന്നത്.
പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ വികാരഭരിതനായ ഡെംബലേ, ഈ നേട്ടം എളുപ്പത്തിൽ കൈവന്ന ഒന്നല്ലെന്നും പി.എസ്.ജി ക്ലബിനും പരിശീലകൻ ലൂയിസ് എൻറിക്കിനും പ്രത്യേകം നന്ദിയും രേഖപ്പെടുത്തി. ക്ലബ്ബിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിനും ഫ്രഞ്ച് ലീഗ് ജയം ഉറപ്പാക്കുന്നതിലും നിർണായക പങ്കുവഹിച്ച ഡെംബലേ, കഴിഞ്ഞ സീസണിൽ 35 ഗോളുകളും 16 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. യൂറോ കപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് ഈ അംഗീകാരത്തിന് അടിസ്ഥാനം.
സ്ത്രീ വിഭാഗത്തിൽ ബാഴ്സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് മികച്ച താരത്തിനുള്ള ബഹുമതി കരസ്ഥമാക്കിയത്. ലയണൽ മെസ്സിക്കും, മിഷേൽ പ്ലാറ്റിനിക്കും ശേഷം തുടർച്ചയായി മൂന്ന് വട്ടം ബാലൺ ദി ഓർ സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ബോൺമാറ്റി. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിൻ യമാലിന് ലഭിച്ചു. വനിതകളിൽ ബാർസയുടെ തന്നെ വിക്കി ലോപസിനാണ് പുരസ്കാരം. ക്ലബ് വിഭാഗത്തിൽ പി.എസ്.ജി മികച്ച പുരുഷ ക്ലബ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ആഴ്സണൽ മികച്ച വനിതാ ക്ലബ് പുരസ്കാരം നേടി. ലൂയിസ് എൻറീകെ മികച്ച പരിശീലകനായി. ടീം വിട്ടെങ്കിലും പിഎസ്ജിക്കായി നടത്തിയ പ്രകടനത്തിലൂടെ ഡൊണ്ണറുമക്ക് മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം കരസ്ഥമാക്കി.
ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ തിയേറ്റർ ഡു ഷാറ്റെലെറ്റ് വേദിയായ ചടങ്ങിൽ, 2024-25 സീസണിലെ മികച്ച പ്രകടനങ്ങൾ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള 100 കായിക മാധ്യമപ്രവർത്തകരുടെ വോട്ടിങ്ങിലൂടെ വിജയികളെ തെരഞ്ഞെടുത്തു.
എട്ടുതവണ ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സിയും അഞ്ചുതവണ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തവണ പട്ടികയിൽ ഇടം നേടിയിരുന്നില്ല.

