ബിഹാര്‍ തെരഞ്ഞെടുപ്പ്: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനു ശേഷമുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനു ശേഷമുള്ള വോട്ടര്‍പട്ടികയാണ് തെരെഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ടത്. 7.42 കോടി വോട്ടര്‍മാരുടെ പേരുകളാണ് പട്ടികയിലുളളത്. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
2025 ജൂണിലാണ് ബിഹാറില്‍ എസ് ഐ ആര്‍ നടപടികള്‍ ആരംഭിച്ചത്. ഓഗസ്റ്റ് 1 ന് കരട് വോട്ടര്‍ പട്ടിക പുറത്തിറങ്ങിയപ്പോള്‍ 65 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 7.24 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 21.53 ലക്ഷം പേരുകള്‍ ചേര്‍ത്തു. 3.66 ലക്ഷം പേരെ ഒഴിവാക്കുകയും ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മരണപ്പെട്ടവരോ വിലാസം മാറിയവരോ ആയ വോട്ടര്‍മാരുടെ പേരുകളാണ് നീക്കം ചെയ്തവയില്‍ കൂടുതലും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. വോട്ടര്‍മാര്‍ക്ക് അവരുടെ വിവരങ്ങള്‍ voters.eci.gov.in/download-eroll എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാമെന്ന് ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനോദ് സിംഗ് ഗുഞ്ചിയാല്‍ അറിയിച്ചു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒക്ടോബര്‍ 4, 5 തീയതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ന സന്ദര്‍ശിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ അടുത്ത ആഴ്ചയോടെ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.