ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു: നവംബർ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബർ 14 ന്

ദില്ലി: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ്, നവംബർ 6നും 11നും രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബർ 14-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണ് ഉള്ളത് — അതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണ്. 90,712 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കിയത് പ്രകാരം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമായതിനാല്‍ വോട്ടര്‍പട്ടിക തയ്യാറാക്കലും തെരഞ്ഞെടുപ്പ് നടത്തലും അതിന്റെ കടമകളാണ്. എസ്ഐആര്‍ സംവിധാനത്തിലൂടെ വോട്ടര്‍ പട്ടിക പുതുക്കി, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം അന്തിമ പട്ടിക നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളെയും നേരില്‍ കണ്ടു ചര്‍ച്ചകള്‍ നടത്തിയെന്നും പരാതികളില്ലാത്ത ലളിതമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഗ്യാന്‍ ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ തവണ മൂന്നു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ഒറ്റഘട്ടമായി നടത്തണമെന്നായിരുന്നു എന്‍ഡിഎയുടെ ആവശ്യം, പക്ഷേ പ്രതിപക്ഷം രണ്ടുഘട്ട തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു. ദീപാവലിയും ഛാഠ് പൂജയും കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തണമെന്നതിൽ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഏകകണ്ഠരായിരുന്നുവെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28-നാണ് ആരംഭിച്ചത്; നവംബർ 10-നാണ് ഫലം പ്രഖ്യാപിച്ചത്. 56.93 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ആ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി. 75 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി, എങ്കിലും ജെ.ഡി.യു–ബിജെപി സഖ്യമായ എന്‍.ഡി.എ അധികാരം നിലനിര്‍ത്തി. അതേസമയം, 68.5 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് മഹാസഖ്യം ശക്തമായ പ്രചാരണം ആരംഭിച്ചു. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ചേര്‍ന്ന് നടത്തിയ യാത്രയും, തുടര്‍ന്ന് തേജസ്വിയുടെ ഒറ്റയാത്രയും ജനവിധിയെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.