ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം: സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ

ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷവും യാത്രാ തീയതി മാറ്റാനുള്ള സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ. ജനുവരി മുതൽ യാത്രക്കാർക്ക് അവരുടെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി യാതൊരു ഫീസും കൂടാതെ ഓൺലൈനായി മാറ്റാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുവഴി യാത്രക്കാർക്ക് അവരുടെ പണം നഷ്ടമാകാതെ തന്നെ യാത്രകളിൽ മാറ്റം വരുത്താൻ സാധിക്കും.
നിലവിൽ, യാത്രക്കാർ അവരുടെ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്ത് വേണം മറ്റൊരു തീയതിയിലേക്ക് മാറ്റിയെടുക്കാൻ. അതിൽ തന്നെ പല ഘടകങ്ങളും ആശ്രയിച്ച് തുകയിൽ കുറവും വരും. ഈ പ്രക്രിയ ചെലവേറിയതും അസൗകര്യപ്രദവുമായതിനാൽ അത് പരിഗണിച്ചാണ് യാത്രക്കാർക്ക് സൗകര്യപ്രദമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ പുതിയ സംവിധാനവും പൂർണമായും ഫലപ്രദമാകില്ല. പുതിയ തീയതിയിൽ സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല, കാരണം അത് സീറ്റ് ലഭ്യതയെ ആശ്രയിച്ചിരിക്കും. കൂടാതെ, പുതിയ ടിക്കറ്റിന് കൂടുതൽ ചാർജ് വന്നാൽ അത് യാത്രക്കാർ നൽകേണ്ടതായും വരും. എങ്കിലും ട്രെയിൻ യാത്രകൾ പുനഃക്രമീകരിക്കേണ്ടി വന്നേക്കാവുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഈ മാറ്റം സഹായകരമാകുമെന്നും, അവരുടെ ഭീമമായ ധനനഷ്ടത്തിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.