ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
മുംബൈ: പ്രമുഖ നടനും മുൻ എംപിയുമായ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ജുഹുവിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. അടുത്തിടെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നടൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഡിസംബർ എട്ടിന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. പവൻ ഹാൻസ് ശ്മശാനത്തിലാകും സംസ്‌കാരം.
1960-ൽ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധർമ്മേന്ദ്ര, 1960-കളിൽ ‘അൻപഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവൻ ഝൂം കേ’ തുടങ്ങിയ സിനിമകളിൽ സാധാരണക്കാരന്റെ വേഷങ്ങൾ ചെയ്തുകൊണ്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.പിന്നീട് അദ്ദേഹം ‘ഷോലെ’, ‘ധരം വീർ’, ‘ചുപ്‌കെ ചുപ്‌കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേൾ’ തുടങ്ങിയ ചിത്രങ്ങളിൽ നായക വേഷങ്ങൾ ചെയ്തു.
ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച ‘തേരി ബാതോം മേം ഐസ ഉൾഝാ ജിയ’ എന്ന ചിത്രത്തിലാണ് ധർമ്മേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ നായകനാകുന്ന ‘ഇക്കീസ്’ ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബർ 25-ന് പുറത്തിറങ്ങും.

