ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ഇന്ത്യയിൽ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം, നാളെ മോദിയുമായി കൂടിക്കാഴ്ച

മുംബൈ : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ഇന്ത്യയിൽ. പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായാണ് സ്റ്റാമെർ ഇന്ത്യയിലെത്തുന്നത്. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഗത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്റെയും സംസ്ഥാന ഗവർണറും ചേർന്ന് സ്വീകരിച്ചു. നാളെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയിരിക്കുന്ന സാഹചര്യത്തിൽ മറ്റു ലോകശക്തികളുമായി വളരെ നല്ല ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യ, ചൈന നേതാക്കളുമായി കഴിഞ്ഞയാഴ്ചകളിൽ നടത്തിയ ചർച്ചകളിലെ പുരോഗതി പിന്തുടർന്ന് ബ്രിട്ടനുമായും വളരെ നല്ല സൗഹൃദം കാത്തു സൂക്ഷിക്കാനാകും ഇന്ത്യ ശ്രമിക്കുക
ഇന്ത്യയും യുകെയും തമ്മിൽ ജൂലൈ 24ന് പുതിയ വ്യാപാര കരാർ ഒപ്പുവച്ചിരുന്നു. അതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച എന്ന നിലയിൽ പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചകൾക്ക് പ്രാധാന്യം ഏറെയാണ്. മുബൈയിൽ നടക്കുന്ന ആറാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ നേതാക്കൾ ചർച്ച നടത്തും.ഗാസ, റഷ്യ^യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളിലും നേതാക്കൾ ചർച്ച നടത്തും.